2011, മാർച്ച് 29, ചൊവ്വാഴ്ച

പുഴയുടെ കണ്ണീര്‍

പുഴ അലയുകയായിരുന്നു....
കീറിപ്പറിഞ്ഞ കുപ്പായവും 
പാറിപ്പറക്കുന്ന തലമുടിയും 
അഴുക്കുപിടിച്ച വിരലുകളില്‍ 
നഖക്ഷതങ്ങള്‍ ....
ഫാക്ടറി മുറ്റവും ,പാര്‍ക്ക് റോഡും 
ഷോപ്പിങ്ങും കൊമ്പ്ലെക്സും 
കടന്നു അത് ഒരാല്‍മരത്തിനു
മുന്നിലെത്തി .
വെയിലിന്റെ കുത്ത് കൊണ്ടിട്ടാവണം
അതിന്റെ ഇലകളിലെല്ലാം 
വിള്ളല്‍ വീണിരുന്നു.
വെയിലെല്ലാം വാരി വിഴു ങ്ങി യിട്ടല്ലേ 
പുഴ കൊഞ്ഞനം കുത്തി ...
അലച്ചില്‍ അവസാനിച്ചത് 
തൊണ്ട വരണ്ടുപോയ 
ഒരു പൈപ്പിന്റെ മുന്‍പില്‍ .
ചെവിയോര്‍ത്താല്‍ അതിനുള്ളില്‍ നിന്നും 
കടലിന്റെ ഇരമ്പം 
കേള്‍ക്കാമായിരുന്നു .
അതിലൂടെ ഒരു മഴ പെയ്യുന്നത് 
പുഴ സ്വപ്നം കണ്ടു.
തളിരിലകള്‍ പൊതിഞ്ഞ ഋഷൃശൃഗനെ 
കിനാവ്‌ കണ്ടു .
എന്നാല്‍ അപ്പോള്‍ 
ഭൂമിയിലേക്കുപോയി 
കുപ്പായം അഴുക്കാക്കരുതെന്നു ചൊല്ലി 
മഴയെ തടഞ്ഞു വച്ചിരുന്ന 
സൂര്യ രശ്മികള്‍ 
പൊട്ടിച്ചിരിക്കുകയായിരുന്നു.
പുഴയുടെ കണ്ണീര്‍ 
അമ്ളമഴയായി 
ഭൂമിയിലെക്കൊഴുകി ക്കൊണ്ടേ യിരുന്നു.
പുഴ അത് കുടിച്ചു കൊണ്ടേ യിരുന്നു ,
മരണം ചാവാലിപ്പട്ടിയായി
അവിടെ കാവല്‍ നിന്നു.





2011, മാർച്ച് 28, തിങ്കളാഴ്‌ച

തിരയും കരയും


പാവം അമ്മക്കര 
വിഡ്ഢികുഞ്ഞി തിര 
കരയിലേക്ക് വെമ്പലോടെ 
അണച്ചേത്തു ന്ന  തിര 
ഉള്‍വലിയുന്ന തിര 
പിന്നീട്  ആര്‍ത്തിയോടെ 
കരയിലേക്ക് 
വായും പിളര്ന്നെത്തുന്ന തിര 
അവസാനം 
വാടിയ പാടങ്ങളെ
മാറില്‍ ചുമന്നു കൊണ്ട് 
തകര്‍ന്നിരിക്കുന്ന കര 
അലങ്കാര ബോട്ടുകള്‍ക്ക് താഴെ 
മീന്‍പിടുത്തക്കാരെ 
വിറപ്പിച്ചുകൊണ്ട്‌ 
ഒതുങ്ങിക്കൂടുന്ന തിര 
പാവം അമ്മ ക്കര 
വിഡ്ഢി കുഞ്ഞി തിര 

2011, മാർച്ച് 16, ബുധനാഴ്‌ച

ഒരൊറ്റ മൈന

'ഒരൊറ്റ മൈന 
ചോരയില്‍ ....
എന്റെ കണ്ണില്‍ 
പിടിച്ചു തൂങ്ങിയ 
അതിനെ
വലിച്ച് എറിഞ്ഞപ്പോള്‍ 
വല്ലാത്ത ആശ്വാസം .
അത് മറ്റൊരു  കയ്യില്‍ 
പിടയുന്ന കണ്ടപ്പോള്‍ ';
അതിലേറെ 
ആശ്വാസം .
കൈമാറി കൈമാറി
അവസാനമത് 
ചിത്രഗുപ്തന്റെ 
പുസ്തകത്തില്‍ ...
പിന്നെ ',
പിന്‍പേജില്‍
പരസ്യങ്ങള്‍ക്കിടയില്‍... 
അവസാനം ,
ശമ്പളം പറ്റുന്നവര്‍ 
പറഞ്ഞു...
"ഇതോരന്ധവിശ്വാസം" 
ആരുടെയോ  .. സൃഷ്ടി....   


2011, മാർച്ച് 1, ചൊവ്വാഴ്ച

കരിയിലകള്‍

കാറ്റ് കൂര്‍ക്കം വലിക്കുന്ന 
ഉച്ചനേരങ്ങളില്‍ 
മരക്കൂട്ടങ്ങളിലൂടെ
നടക്കാന്‍ 
എനിക്ക്  ഇഷ്ടമല്ല.
കരിയിലകള്‍ കലപിലകൂട്ടി 
സല്യപ്പെടുത്തികൊണ്ടിരിക്കും  
ഒരുകടലിനു 
പുറംതിരിഞ്ഞു നില്‍ക്കുന്നതുപോലെ 
ആള്‍ ക്കൂട്ടം 
കൂര്‍ത്ത മുനകളുമായി
പിറകെ വരുന്നത് പോലെ 
ആരൊക്കെയോ
ചെവിയില്‍ ചെവിയില്‍ 
പിറ് പിറ് ക്കുന്നത് പോലെ 
ഏതൊക്കെയോ കണ്ണുകള്‍ 
പിന്തുടരുന്നത് പോലെ 
അറിയാത്തവര്‍ 
തുണ ക്കെന്നു ചൊല്ലി 
മാറാതെ നടക്കുന്ന പോലെ 
മണിമാളികയില്‍ 
ഹൂറിയായി 
ഉലാത്തുന്നപോലെ 
എനിക്ക് തോന്നും .
എന്നാല്‍ 
എന്നെ പിന്നെയും 
അസ്വസ്ഥയാക്കി കൊണ്ട് 
കരിയിലകള്‍
കുശു കുശുക്കും 
കാറ്റിനായികാത്തിരിക്കും 
കാറ്റഡിപ്പിക്കുന്നവര്‍ക്കായി 
വിശന്നിരിക്കും 
വീണ്ടും വീണ്ടും പരിഹസിക്കും.